വ്യത്യസ്തമായ ഡിസൈൻ കാരണം വില്പന കുറഞ്ഞ ഇഗ്നിസിനു കരുത്തേകാൻ ലിമിറ്റഡ് എഡിഷൻ മോഡലുമായി സുസുക്കി. ഗ്രാൻഡ് ഐ 10നു കിടപിടിക്കുന്ന ഇഗ്നിസ് ഇന്ന് മാരുതിയുടെ ഏറ്റവും വില്പന കുറഞ്ഞ മോഡലാണ്. എക്സ്ട്രാ അക്‌സെസ്സറിസ് കുറഞ്ഞ വിലയ്ക്ക് നൽകിക്കൊണ്ടാണ് ഈ പതിപ്പ് പുറത്തിറക്കുന്നത്. പ്രത്യേക പേരൊന്നും നല്കിയിട്ടില്ലെങ്കിലും പ്രചരണാർത്ഥം പുതിയ പരസ്യം ഇറക്കിയിട്ടുണ്ട്. റ്റാറ്റ ടിയാഗോയുടെ ക്രോസ്സ് ഓവർ പതിപ്പായ എൻ ആർ ജി ( എനർജി ) ആകാം മാരുതിയുടെ ഈ ചടുലൻ നീക്കത്തിന് പിന്നിൽ
വശങ്ങളിൽ ഉള്ള ഇഗ്നിസ് പേരോടുകൂടിയ ക്ലാഡിങ്, മുൻ പിൻ ബംപറിലും, വശങ്ങളിലും ഉള്ള മെറ്റൽ ഫിനിഷുള്ള ഡമ്മി സ്കിഡ് പ്ലേറ്റുകൾ, സ്കർട്ടുകൾ, പിൻ സ്പോയിലർ എന്നിവയാണ് പ്രധാന സവിശേഷതകൾ. ഉള്ളിൽ പ്രീമിയം സീറ്റ് കവർ നൽകുന്നു. നിലവിലെ ഡെൽറ്റ മോഡലിനാണ് ലിമിറ്റഡ് എഡിഷൻ നൽകിയിരിക്കുന്നത്. പുഷ് ബട്ടൺ സ്റ്റാർട്ട്, എയർ ബാഗ്, എ ബി എസ് എന്നിവ ഈ വേരിയന്റിൽ ഉണ്ട്. പക്ഷെ പ്രൊജക്റ്റർ ലാംപും, അലോയ് വീലുകളും ഒരു കുറവായി.
പുറമെ നോക്കിയാൽ ചെറുതെങ്കിലും, വിശാലമായ ഉൾവശമാണ് ഇഗ്നിസിനു. 1.2ലി പെട്രോൾ എൻജിനു മാനുവൽ/ എജിഎസ് ഗിയർ ബോക്സ് തിരഞ്ഞെടുക്കാം. സിറ്റി റൈഡിനു ഓട്ടോ ഗിയർ അഭികാമ്യമാണ്. മുൻപ് ഡീസൽ എൻജിൻ ഉണ്ടായിരുന്നെങ്കിലും, വില്പന കുറവായതു കാരണം പിൻവലിച്ചു. ഒരു കുഞ്ഞു എസ് യു വി ഛായ ഉണ്ടെങ്കിലും പലർക്കും ഈ രൂപഭംഗി ഉൾകൊള്ളാൻ സാധിക്കാഞ്ഞതാകാം ഇതിന്റെ പരാജയം. മാരുതിയുടെ പ്രീമിയം ഡീലര്ഷിപ്പ്‍ സംവിധാനമായ നെക്സയിലൂടെയാണ് വില്പന.നെക്സ വെബ്‌സൈറ്റിൽ വാഹന ഉണ്ടെങ്കിലും വില വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.